Sunday, April 8, 2012

അങ്കമാലീലെ രാജകുമാരി!

അമ്പൂനെ ടി.വി.യിൽ കണ്ട് ഡെന്നിസ് കിടുങ്ങിപ്പോയി.
അഴിച്ചുവിട്ട കുതിരയെപ്പോലെ ചാടിത്തുള്ളി നടന്നിരുന്ന അമ്പുവാണൊ, ഈ ചാനലിലിരിക്കുന്ന  മുപ്പതു കഴിഞ്ഞിട്ടില്ലെന്നു തോന്നിക്കുന്ന ശാലീനസുന്ദരി!?
ഭംഗിയായി കോതിയൊതുക്കിയ  മുടിയിൽ തുളസിക്കതിര്..... നെറ്റിയിൽ വരമഞ്ഞൾക്കുറി... വായിൽ നിന്നു വരുന്നതോ, തനി വള്ളുവനാടൻ മലയാളം! ഉടുത്തിരിക്കുന്നത് കസവുമുണ്ടും നേരിയതും!

കായംകുളത്തുകാരി അങ്കമാലിയിൽ വളർന്നാൽ ഭാഷ വള്ളുവനാടൻ ആകുമോ?
അതോ ഇനി ഇവൾ വല്ല ചെർപ്പുളശ്ശേരിക്കാരനെയും സ്വയംവരം ചെയ്തോ!?

ചാനലിലെ പ്രഭാതപരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഡോ. അംബാലിക.   ആയുർവേദ വിധിപ്രകാരമുള്ള ജീവിതശൈലിയെക്കുറിച്ച് അവതാരകയുടെ ചോദ്യങ്ങൾക്കു മറുപടിയായി അവളുടെ വായിൽ നിന്നും മൊഴിമുത്തുകൾ അനർഗളം പൊഴിഞ്ഞുകൊണ്ടിരുന്നു.
ഡെന്നിസ് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

“രാവിലെ ബ്രാഹ്മമുഹൂർത്തത്തില്  ണീക്യ.....”
എന്തര്!?
ണീക്യ?
“വേപ്പിൻ തണ്ടോ പൊടിച്ച ഉമിക്കരിയോ കൊണ്ട് പല്ല് തേക്യ....”
തേങ്ങ!
“ന്നിട്ട് അഞ്ജനം, കബളം, ഗണ്ഡൂഷം....”
ഒരു പോസ്. തലയുയർത്തി, കവിളിലേക്കു വീണ മുടി മാടിയൊതുക്കി, ക്യാമറയിലേക്കു നോക്കി തുടർന്നു.
“ഒക്കെ കഴിഞ്ഞൂച്ചാൽ ദേഹാസകലം എണ്ണമെഴുക്കു പുരട്ടി.....”

ഉം... മെ...മെ...മെഴുക്കുപുരട്ടിയുണ്ടാക്കി അടുപ്പിലിട്ടു കത്തിക്ക്യ!

എന്റെ പള്ളീ!!

ഡെന്നിസിന്റെ അലർച്ച കേട്ട് പെമ്പ്രന്നോത്തി ഓടി വന്നു.

“എന്താ, എന്നാ പറ്റി ഡെന്നിച്ചായാ?”

ടീവിയിൽ നോക്കി വയറുപൊത്തിച്ചിരിക്കുന്ന ഡെന്നിസിനെക്കണ്ട് സാറ അമ്പരന്നു.

നോക്കെടീ എന്ന അർത്ഥത്തിൽ കൈകൊണ്ട് ആംഗ്യം കാണിച്ച് ഡെന്നിസ് ചിരി തുടർന്നു.
അവൾക്കൊന്നും മനസ്സിലായില്ല.

“എന്നതാന്നു വച്ചാ ഒന്നു പറഞ്ഞുതൊലയ്ക്ക് മനുഷ്യാ! ”

“എടീ, എന്റെ ക്ലാസ് മേറ്റാ, ലോ, ലവൾ!”

“അതിനാണോ ഈ കിക്കിക്കി? വയറുളുക്കിപ്പോകുവല്ലോ കർത്താവേ!”

“എടീ നീ അവള്ടേ ഭാഷ ശ്രദ്ധിച്ചോ?”

“വേഷം ശ്രദ്ധിച്ചു. നല്ല കസവു സാരി. എനിക്കൊന്നും വാങ്ങിത്തരത്തില്ലല്ലോ....”

“ഓ.... അവടമ്മച്ചീടേ കസവ് സാരി! ഡീ ... നീ അവള് പറയുന്നത് ശ്രദ്ധിക്ക്!”

ഭാര്യ ഭാഷ ശ്രദ്ധിക്കാൻ ടി.വി.യിൽ നോക്കി.

“കൊഴുപ്പു കൂടുതലിണ്ടേച്ചാ, പൌഡർ മസാജാവും യോജിക്യ.... അദിനെ ഉദ്വർത്തനംന്നാ വിളിക്യാ... ഒരാഴ്ച കൊണ്ടന്നെ റിസൽറ്റ് കിട്ടൂം ചീയൂം.....”

“എന്താ ആ കുട്ടിയുടെയൊരു ഷെയ്പ്പ്! ശ്ശോ! ”
 കൊഴുപ്പുകുമാരിയായ സാറ സ്വന്തം ദേഹത്തു കണ്ണുഴിഞ്ഞ് ദീർഘമായി നിശ്വസിച്ചു.

“കുട്ടിയോ? എടീ അവക്ക് പത്തു നാപ്പത് വയസുണ്ട്! ഈ വർത്താനം മുഴുവൻ ജാഡയല്ലേ!? ഇത് അവളുടെ റിസോർട്ടിൽ ആളെക്കിട്ടാൻ ചെയ്യുന്ന നമ്പരല്ലേ!?”

“നാല്പതൊന്നും കാണത്തില്ല. അല്ല ഇനി ഒണ്ടേൽ തന്നെ എന്നാ കൊഴപ്പം? എന്താ ഒരു ഫിഗർ!”

“ഈ ഫിഗറിലൊന്നും ഒരു കാര്യോമില്ലെടീ!”

“ഉവ്വുവ്വ്.....അല്ലേലും എന്റെ ഫിഗറിൽ നിങ്ങക്കൊരു ശ്രദ്ധേമില്ലല്ലോ!”

ആണ്ടെ കിടക്കുന്നു!

 “ശരി. ഇനി ഞാൻ ശ്രദ്ധിക്കാം.” ഡെന്നിസ് വിമുഖതയോടെ പറഞ്ഞു.

ഡെന്നിസ് വിഷയത്തിലേക്കു വരാൻ ശ്രമിച്ചു. പഠിക്കുന്ന കാലത്ത് ജീൻസും വലിച്ചുകേറ്റി, കാളികൂളി കളിച്ചു നടന്ന്, ഇപ്പോ ശാലീനസുന്ദരിവേഷം കെട്ടി, വള്ളുവനാടൻ ഭാഷ പറയുന്ന അംബാലികയോട് പുച്ഛമാണൊ,അസൂയയാണൊ തനിക്കു തോന്നുന്നതെന്ന് ഡെന്നിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവളുടെ ഈ പുതിയ അവതാരം തനിക്കിഷ്ടപ്പെട്ടില്ല എന്നു മാത്രം മനസ്സിലായി.

ഭാര്യ അവളുടെ വർത്തമാനത്തിലും, സൌന്ദര്യത്തിലും വീണു കഴിഞ്ഞു. പഠിക്കുന്ന കാലത്ത് ഇരു നിറമായിരുന്ന ഇവളെങ്ങനെ ഇത്ര വെളുത്തു എന്ന് അയാൾ അതിശയിച്ചു. സാരി അലർജിയായിരുന്ന അവൾ എത്ര മനോഹരമായാണ് ഇപ്പോൾ സാരി ധരിച്ചിരിക്കുന്നത്! ഭാര്യ പറഞ്ഞതു ശരിയാ. നല്ല ഫിഗർ!

പൊടുന്നനെ സാറയുടെ വായിൽ നിന്ന് അശരീരി പോലെ ഒരു വാക്യം ഉയർന്നു.

“നിങ്ങക്കൊരുഷാറില്ലാത്തോണ്ടാ, ഞാനിങ്ങനെ വയറ് ചാടി വീങ്ങിത്തടിച്ചിരിക്കുന്നേ....”

നൈറ്റിക്കുള്ളിൽ തിങ്ങി നിറഞ്ഞ ശരീരമുയർത്തി അവൾ വീണ്ടും ദീർഘമായി നിശ്വസിച്ചു.

“ങേ!? ഞാൻ കാരണമോ!?” ഡെന്നി ഞെട്ടി. ഇവൾ എന്താണീ പറഞ്ഞു വരുന്നത്!?

“ഞാനെത്ര തവണ പറഞ്ഞിട്ടോള്ളതാ, നമക്കും മാസത്തിലൊരിക്കൽ കുമരകത്തേതെങ്കിലും റിസോർട്ടീ പോയി മസ്സാജും ഹെർബൽ ബാത്തും ഒക്കെ ചെയ്യാമെന്ന്‌! അപ്പ കേക്കത്തില്ല! ഇനീപ്പം ബാക്കിയോള്ളവളുമാരെ വായി നോക്കി ഇരുന്നോ, നാണം കെട്ട മനുഷ്യൻ!”

ഠിം!

വെടി പൊട്ടിച്ച് ചാടിത്തുള്ളി അവൾ കിച്ചണിലേക്കു മടങ്ങി.
ഡെന്നിസ് ചിന്തകളിലേക്കും.

അന്നത്തെ ലോകക്രമത്തിൽ തികച്ചും അൺകൺവെൻഷണൽ ആൻഡ് അൺ പ്രെഡിക്റ്റബിൾ ആയിരുന്നു അംബാലിക. ആമ്പിള്ളേരെ വെല്ലുന്ന ഉഡായിപ്പ്.

സാരീനാരീമനോഹരിമാർ നിറഞ്ഞ കോളേജിനുള്ളിൽ ചുരിദാർ; പുറത്തിറങ്ങിയാൽ ജീൻസും ടോപ്പും.

ഓട്ടക്കാരി, ചാട്ടക്കാരി. ഹൈ ജമ്പ് ലോങ്  ജമ്പ് വനിതാചാമ്പ്യൻ.

പുരുഷവിരോധി. സാരി വിരോധി. ഇംഗ്ലീഷ്-ഹിന്ദി സിനിമാ പ്രേമി!

പെട്ടെന്നൊരുനാൾ, സാമാന്യം നീളമുണ്ടായിരുന്ന മുടി ക്രോപ്പ് ചെയ്തിട്ടു. ഉടൻ വിശദീകരണവും വന്നു. അങ്ങനെ ആരും എന്റെ മുടി കണ്ട് കുളിരു കൊള്ളണ്ട! (ആരും എന്നു വച്ചാൽ ആണുങ്ങൾ.)

സ്വർണാഭരണങ്ങൾ എല്ലാം ഒഴിവാക്കി. പ്ലാസ്റ്റിക് വള, മാല, കമ്മൽ എന്നിവ ധരിച്ചു. പകലും, രാത്രിയുടെ ആദ്യയാമങ്ങളിലും ഹോസ്റ്റലിൽ കത്തിയോടു കത്തി. രാത്രി പന്ത്രണ്ടു മണിക്കു പഠിത്തം.രാവിലെ എട്ടു മണിക്കുറക്കമുണരൽ......

ആ അവളാണിപ്പോൾ ബ്രാഹ്മ മുഹൂർത്തത്തിൽ ‘ണീ‍ക്യ’ എന്നുപദേശിക്കുന്നത്!

ഡെന്നീസ് ഇരുന്നു പുകഞ്ഞു.
പിന്നെ കുളിർത്തു. ഹോ! എന്തൊരു കാലമായിരുന്നു അത്!

തൃപ്പൂണിത്തുറ, പന്തളം രാജകുടുംബങ്ങളിലെ ഓരോ പെൺകുട്ടികൾ കോളേജിൽ പഠിച്ചിരുന്നു. ക്യാമ്പസിൽ അവർക്കൊരു പ്രത്യേക ഗ്ലാമറും ഉണ്ടായിരുന്നു.

അതു കണ്ട് കൊതിപൂണ്ടോ എന്തോ, ഒരു ദുർബല നിമിഷത്തിൽ, അങ്കമാലിക്കാരിയാണെങ്കിലും  താൻ ശരിക്കും ജനിച്ചത് കായംകുളം രാജവംശത്തിൽ ആണെന്നുള്ള യാഥാർത്ഥ്യം ഉറ്റ തോഴി ഷെഹ്‌നാസിനോട് ‘അംബാലികത്തമ്പുരാട്ടി’ വെളിപ്പെടുത്തിപ്പോയി.

“ശരിക്കു പറഞ്ഞാൽ എന്റെ മുത്തച്ഛന്റെ അമ്മൂമ്മയുടെ അമ്മ അവിടത്തെയാ” അവൾ പറഞ്ഞു

ഹൃദയത്തിൽ കളങ്കമില്ലാത്ത ഷെഹ്‌നാസ് അത് തന്റെ തോഴൻ നിഷാദിനോട് മാത്രം പറഞ്ഞു. ബാക്കിയൊക്കെ മെൻസ് ഹോസ്റ്റൽ ഏറ്റെടുത്തു.

അംബാലിക കോളേജിലേക്കു പോകുമ്പോൾ  “അങ്കമാലീലെ രാജകുമാരീ....” എന്നവിളി ഹോസ്റ്റലിൽ നിന്നുയരാൻ തുടങ്ങിയത് അങ്ങനെയാണ്. (കിലുക്കം സിനിമ അങ്കമാലിയെയും ഹിറ്റാക്കിയിരുന്നു.)

ആ പേരിട്ടവൻ താനാണ്. അതോർത്തപ്പോൾ അല്പം കുളിരു തോന്നിയോ!? ഡെന്നിസ് ഭയപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ട്.

അമ്പൂന് ഗ്രെയ്പ് ജ്യൂസ് ആണ് വീക്ക്നെസ്. കോള കേരളത്തെ കീഴടക്കുന്നതിനു മുൻപുള്ള കാലമായിരുന്നല്ലോ അത്. ഒരു ഗ്രെയ്പ് ജ്യൂസ് ബെറ്റ് വച്ച് വെല്ലുവിളിച്ചാൽ അമ്പു അതേറ്റെടുത്തിരിക്കും!

കോളേജ് കലോത്സവത്തിൽ ലളിതഗാനമലപിച്ചത് അങ്ങനെയാണ്

മൈക്കിനു പിന്നിൽ ചെസ്റ്റ് നമ്പരും ഫിറ്റ് ചെയ്ത് അമ്പു നിൽക്കുന്നതു കണ്ടപ്പോൾ കാണികളും, ജഡ്ജസായ ടീച്ചേഴ്സും ഒരുപോലെ ഞെട്ടി. മറ്റുപലകലകളിലും പ്രവീണയാണെങ്കിലും പാട്ടുമായി പുലബന്ധം പോലുമില്ല അവൾക്ക്!

അമ്പു പക്ഷേ, കൂൾ ലൈക്ക് ഐസ്.

മുരടനക്കി. മൈക്ക് പിടിച്ചു നേരെയാക്കി.

എഴുതിക്കൊണ്ടുവന്ന കടലാസ് ചുരുൾ നിവർത്തി വായനതുടങ്ങി.

“ജയദേവകവിയുടെ  ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ?
രാജീവ നയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ?
രാധേ, ഉറക്കമായോ? രാധേ, ഉറക്കമായോ?”

കൂവൽ.
അതിശക്തമായ കൂവൽ!


എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകി ഓൾ ഇൻഡ്യാ റേഡിയോയിലൂടെ അതിപ്രശസ്തമായ ആ ഗാനം മുഴുവൻ ‘വായിച്ച’ ശേഷം അവൾ കൂൾ ആയി ഇറങ്ങി വന്നു.

അടുത്ത ഇനം കവിതാപാരായണം ആയിരുന്നു. അതിനും അമ്പു കയറി. ആമുഖമായി പറഞ്ഞു.

“അർണാൾഡോ കാപ്പൂച്ചി എഴുതിയ ഒരു പാലസ്റ്റീനിയൻ ഗെവിതയാണ് ഞാൻ ചൊല്ലാൻ പോകുന്നത്. ആധുനികതയുടെ അന്തരാളങ്ങളിൽ പെട്ട് സ്വത്വം നഷ്ടപ്പെട്ടുഴറുന്ന ഒരു യുവാവിന്റെ മാനസികാവസ്ഥയാണ് ഇവിടെ കവി വരച്ചുകാട്ടുന്നത്. ശ്രദ്ധിച്ചാലും....”

“മുറിബീഡി വലിച്ചെൻ ചുണ്ടുകൾ കരിഞ്ഞിരുന്നു....
മഴവീണു വെയിൽവീണു ബൂട്ടുകൾ തുളഞ്ഞിരുന്നു....
ചുളി വീണ കാലിനാൽ  ഞാനവ കുടഞ്ഞെറിഞ്ഞു....
ഒടുവിൽ തണുത്തു വിറച്ചു മരവിച്ചു പാടിപ്പോയ്....”

“ഒരു ബീഡി തരൂ....
ഒരു വിരലു തരൂ....
ഒരു ചുണ്ടു തരൂ....
ഞാനൊരു ബീഡി
വലിച്ചു രസിക്കട്ടെ!”

ഇക്കുറിയും കൂവൽ‌പ്പടയെ തൃണവൽഗണിച്ച് അമ്പു  തകർത്തു.
കോളേജിൽ അമ്പു ഫാൻസ് അസോസിയേഷൻ രൂപപ്പെട്ടു.

സദാശിവൻ മാഷിന്റെ യോഗാ ക്ലാസാ‍യിരുന്നു അടുത്ത വേദി. ചരിത്രപ്രസിദ്ധമായ ഒരു സംഭവത്തിന്റെ നാന്ദികുറിക്കൽ ആയിരുന്നു അന്നത്തെ പത്മാസനംക്ലാസ്.

മാഷ് വന്നാലുടൻ മേശപ്പുറത്തു കയറിയിരിക്കും. എനിട്ടാണ് ഡെമോൺസ്ട്രേഷൻ.
ഏകാഗ്രത കിട്ടാൻ ഏറ്റവും പറ്റിയ ആസനമാണ് പത്മാസനം. ധ്യാനത്തിനു വിശിഷ്ടം.
പരീക്ഷക്കാലത്ത് ചെയ്യാൻ പറ്റിയ ആസനം. മാഷ് ആസനം ചെയ്യാൻ തുടങ്ങി.
മേശപ്പുറത്തിരിക്കുന്ന മാഷിന്റെ ബദ്ധപ്പാടോർത്ത് അമ്പൂന് ചിരിവരാൻ തുടങ്ങി.

പരീക്ഷ വന്നു തലയിൽ കയറി എന്നതു ശരി. പക്ഷേ, ഇമ്മാതിരി കസർത്തുകൾ ചെയ്താൽ ഏകാഗ്രത കിട്ടുമോ? മാർക്ക് കിട്ടുമോ?

ഈ ക്ലാസൊന്നു കഴിഞ്ഞിരുന്നെങ്കിൽ എറണാകുളത്തിനു വണ്ടി കയറാമായിരുന്നു.

ക്രിസ്മസ് വരികയാണ്.... ആർച്ചീസിൽ നിന്ന് ഗ്രീറ്റിംഗ് കാർഡ്സ് ...... ബിംബീസിൽ നിന്ന് കട്‌ലെറ്റ്, ഫലൂഡ..... തിരികെ വരുമ്പോൾ സ്വാമീസിൽ നിന്ന് ഗ്രെയ്പ് ജ്യൂസ്......

ഇതൊക്കെ പോട്ടെ, സരിതയിൽ “ദിൽ വാലെ ദുൽഹനൈയാ ലെ ജായേംഗേ” വന്നിട്ട് കണ്ടില്ലെങ്കിൽ ഷാരൂഖ് ഖാനും കജോളും എന്തു വിചാരിക്കും!?

അവൾ നോട്ട് ബുക്കിൽ പത്മാസനസ്ഥനായ ഷാറൂഖ് ഖാന്റെ ചിത്രം വരഞ്ഞു. തലയ്ക്കു മുകളിൽ കജോൾ!

മാഷ് കണ്ടോ എന്നു സംശയം.

എന്നാൽ മാഷ് ഒന്നു നിവർന്നിരുന്നു പ്രഭാഷണം തുടർന്നു. അമ്പു മാഷിനെ ശ്രദ്ധിച്ചു.
“വെറുതേ കേറി ചമ്രം പടിഞ്ഞിരിക്കൽ അല്ല പത്മാസനം. വലതു കാൽ മടക്കി ഇടതു തുടയുടെ മുകളിൽ ; ഇടതു കാൽ മടക്കി വലതു തുടയുടെ മുകളിൽ ..... കൈകൾ ചിന്മുദ്രയിൽ വച്ച്, നട്ടെല്ല് നിവർത്തി, മൂക്കിൻ തുമ്പിൽ നോക്കിയിരിക്കണം!”

“മാഷേ ഞാൻ പകുതി പഠിച്ചു കഴിഞ്ഞു!” അമ്പു വിളിച്ചു പറഞ്ഞു.

എന്നിട്ട് ഇരുന്ന ഇരുപ്പിൽ കൈ നീട്ടി മുട്ടിൽ വച്ചു.  മൂക്കിൻ തുമ്പിൽ നോക്കിയിരിപ്പായി.കുട്ടികൾ ചിരിതുടങ്ങി. അവരെ നോക്കി മാഷ് ഗൌരവത്തിൽ പറഞ്ഞു.“യോഗ ചെയ്യുമ്പോൾ ചിരിക്കരുത്...”

എന്നിട്ട് അമ്പുവിനോടായി പറഞ്ഞു. “ഇങ്ങനിരുന്നാൽ റിസൽറ്റ് വരുമ്പോ ഫസ്റ്റ് ഇയറിലെപ്പോലെ മേലോട്ടു നോക്കിയിരിക്കാം!”

രാജകുമാരി ചമ്മി. താൻ പഠിക്കാൻ മോശമാണെന്ന് ആരുപറഞ്ഞാലും കുമാരി തളരും. പഠിക്കാൻ മിടുക്കിയാണെന്ന് അവൾക്കറിയാം. അതുകൊണ്ടാണല്ലോ എൻട്രൻസ് പാസായി ഇവിടെയെത്തിയത്.പക്ഷേ എന്തുകൊണ്ടോ ഈയിടെയായി അതിനു കഴിയുന്നില്ലഎന്നു മാത്രം!

എങ്കിൽ പിന്നീ പണ്ടാരം ആസനം പഠിച്ചിട്ടു തന്നെ കാര്യം!

കളി അമ്പൂനോടാ!?

അന്നു രാവിലെ അവൾ കോളേജിൽ പോയില്ല. കൂട്ടുകാരികൾ എല്ലാം പോയിക്കഴിഞ്ഞപ്പോൾ തന്റെ ദൃഢപ്രതിജ്ഞ നിറവേറ്റാൻ തീരുമാനിച്ചു. മുറിയുടെ നടുവിൽ നിന്ന് കൈകൾ ഉയർത്തി ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്ത് ലൂസനിംഗ് എക്സർസൈസ് ചെയ്യാൻ തുടങ്ങി.

എക്സർസൈസിന്റെ ആവേഗത്തോടൊപ്പം രാജരക്തത്തിന്റെ വീര്യം അങ്കമാലി കുമാരിയിൽ കുതിച്ചുയർന്നു.

സുപ്പീരിയർ വീനക്കാവയിൽ നിന്നും, ഇൻഫീരിയർ വീനക്കാവയിൽ നിന്നും അശുദ്ധരക്തം ഹാർട്ടിന്റെ വലത്തേ അറകളിലേക്കും, തുടർന്ന് ലങ്ങ്സിലേക്കും പാഞ്ഞു.

അതവിടെത്തിയതോടെ ശുദ്ധരക്തം ടപ്പനെ താഴേക്ക് ഇടത്തേ അറകളിലേക്കും തുടർന്ന് ശരീരം മുഴുവനും വ്യാപിച്ചു. രാജകുമാരിയുടെ ഉടലിലും മനസ്സിലും നവോന്മേഷം തുള്ളിത്തുളുമ്പി!

ആ ഉന്മേഷത്തിൽ കുമാരി മുറിയുടെ വാതിൽ കുറ്റിയിട്ടടച്ചു. ശ്വാസം നീട്ടി വിട്ടു. എന്നിട്ടു പ്രസ്താവിച്ചു

 “ഹും! അങ്ങേര്ടെ ഒര് പത്മാസനം..... എനിക്കു വെറും പൂബിസ്കറ്റാ, പൂബിസ്കറ്റ്!”

കട്ടിലിൽ കയറിയിരുന്നു. ശ്വാസം ആഞ്ഞു വലിച്ച് വലതുകാൽ മടക്കി ഇടതു തുടയുടെ മുകളിൽ പിടിച്ചു വലിച്ചു വച്ചു. ശ്വാസം വിട്ടു. എന്നിട്ട് ശ്വാസമെടുത്ത് ഇടതു കാൽ മടക്കി വലതു തുടയുടെ മുകളിലേക്കു വലിച്ചു.പണ്ടാരം മുട്ടിനു മേലേക്കു വരുന്നില്ല.... ശ്വാസം പോയതു മാത്രം മിച്ചം!

ഇരുന്ന ഇരുപ്പിൽ മുന്നോട്ടാഞ്ഞ് ഒന്നു കൂടി ശ്രമിച്ചു.
നഹി നഹി രക്ഷതി ഇടത്തേ കാല:!
മാത്രവുമല്ല മുട്ടിനൊരു പിടുത്തവും നല്ല വേദനയും!
വല്ല ലിഗമെന്റും കീറിപ്പോയോ എന്റെ കോതകുളങ്ങര ഭഗവതീ!

രാജകുമാരി കോത വിയർത്തു. പെട്ടെന്നാണ് കബോഡിനു മുകളിൽ സഹമുറിയത്തിയ്ക്ക് അവളുടെ അമ്മ വാങ്ങിക്കൊടുത്ത ധാന്വന്തരം കുഴമ്പിരിക്കുന്നതു കണ്ടത്.

രാജകുമാരി ബുദ്ധിമതിയാണല്ലോ. ഉടൻ ചാടിയെണീറ്റ് കാൽമുട്ട് രണ്ടിലും കുഴമ്പു പുരട്ടി തടവി. വർദ്ധിത വീര്യയായി കട്ടിലിന്മേൽ കയറി. ഇക്കുറി ആദ്യം ഇടതുകാൽ പിടിച്ചു വച്ചു. അതാണല്ലോ ആദ്യശ്രമത്തിൽ പണിമുടക്കിയത്.... സംഗതി വിജയിച്ചു!

വീര്യം കൂടി. ഇടതു പക്ഷം കീഴടങ്ങിയ സ്ഥിതിക്ക് വലതു പക്ഷം എനിക്ക് തൃണമൂലം!
ഇനി നിഷ്പ്രയാസം വലതുകാൽ പിടിച്ച് ഇടതു തുടയ്ക്കു മുകളിൽ വയ്ക്കൂ രാജകുമാരീ... അവൾ സ്വയം പറഞ്ഞു.

പക്ഷേ ഇക്കുറി വലതുകാൽ തനി തൃണമൂൽ കോൺഗ്രസായി!
മമതാ ദീദിയെപ്പോലെ ഇടഞ്ഞു നിന്നു.

എന്നാലീ തൃണത്തിനെ ഒടിച്ചിട്ടായാലും ഞാൻ മെരുക്കും.
ആരവിടെ ? ആഞ്ഞു പിടി!
ശ്വാസം പിടിച്ച്, സർവശക്തിയും പ്രയോഗിച്ച് രാജകന്യ വലതുകാൽ പിടിച്ചു വലിച്ച് ഇടതുകാലിനു മുകളിൽ വച്ചു.
ഹോ! , ശരിക്കും ഝാൻസി റാണിയാണ് താൻ എന്ന് അങ്കമാലികുമാരിക്ക് തോന്നി.
ആ പോസിൽ കട്ടിൽ ഒന്നമർന്നിരുന്നു പ്രിൻസസ്.

നട്ടെല്ലു നിവർത്തി. കൈകൾ ചിന്മുദ്രയിലാക്കി കാൽമുട്ടുകൾക്കു മീതെ വച്ചു.
കണ്ണുകൾ മെല്ലെ താഴ്ത്തി. നാസികാഗ്രത്തിൽ നോക്കി.
ശ്വാ‍സം ഉള്ളിലേക്കു വലിച്ചു. പുറത്തേക്കു വിട്ടു.
വീണ്ടും വലിച്ചു. പുറത്തേക്കു വിട്ടു. മേശപ്പുറത്തിരിക്കുന്ന സദാശിവൻ മാഷിനെഇമിറ്റേറ്റ് ചെയ്ത് സ്വയം സംസാരിച്ചു. ശ്വാസം ആഞ്ഞു വലിക്കൂ; പുറത്തു വിടൂ! അവൾക്ക് ഉള്ളിൽ ചിരിപൊട്ടി. അത് നിർത്താൻ പറ്റാത്ത ചിരിയായി. എവിടെയോ വായു വിലങ്ങി.

രാജകുമാരി ദൃഷ്ടി നാസികാഗ്രത്തിൽ നിന്നു പിൻ വലിച്ചു.
കൈകൾ ചിന്മുദ്ര വിട്ടു.
കാലുകൾ അഴിച്ച് നീട്ടാൻ തുടങ്ങിയപ്പോൾ നടുവിന് ഒരു പിടുത്തം.

കാലുകൾ അഴിയുന്നില്ല!

വലതുകാൽ പിടിച്ചു വലിച്ചപ്പോൾ മസിൽ പിടിച്ചു.
അകത്തേക്കുമില്ല പുറത്തേക്കുമില്ല.
പൂട്ടിവച്ച ഗുണനച്ഛിഹ്നം പോലെ പ്രിൻസസിന്റെ കാലുകൾ മരവിച്ചിരിക്കുന്നു.
ഒന്നൂടെ വലിച്ചു നോക്കി.
കുമാരിക്ക് നൊന്തു.
കണ്ണിൽ നീർ പൊടിഞ്ഞു.
ഒരു ഗതീം പരഗതീം ഇല്ലാതായാപ്പിന്നെ എന്നാ ചെയ്യും....
നിരാലംബയായി കുമാരി കേണു “ഹെന്റെ കോതകുളങ്ങര ഭഗവതീ! രക്ഷിക്കണേ!”

ഭഗവതി നടയടച്ച് കൈലാസത്തിൽ പോയിരിക്കുകയായിരിക്കണം. നോ റിപ്ലൈ!

കരച്ചിലും നിലവിളിയും ഉച്ചത്തിൽ നടന്നെങ്കിലും ആരും വന്നില്ല രക്ഷിക്കാൻ.
ജനലുകലെല്ലാം അടച്ചിരിക്കുകയാണ്. അതിബുദ്ധി കാരണംറൂം അടച്ചു കുറ്റിയിട്ടും പോയി.
   
ഇനീപ്പ എന്തു ചെയ്യും!?

അങ്കമാലിത്തമ്പുരാട്ടി വാ വിട്ടു നിലവിളിച്ചു.
നോ റിപ്ലൈ! നോ രക്ഷ!!
കാൽ ഊരിയെടുക്കാൻ ഒന്നുകൂടി ശ്രമിച്ചു. ഫലം കട്ടിലിൽ നിന്നുരുണ്ട് നിലത്തേക്ക്!

മാഷിനെ കളിയാക്കി  ചിരിക്കാൻ തോന്നിയ മണ്ടത്തരമോർത്ത് സ്വയം ശപിച്ചു.
അവിടെക്കിടന്ന് കരഞ്ഞു തൊണ്ടതളർന്ന് ഒടുക്കം സമയം ഉച്ചയായി.
ഒരുമണിയായപ്പോൾ റൂം മേറ്റ് വന്നു വാതിലിൽ മുട്ടി.
നോ റിപ്ലൈ.
കൂട്ടുകാർ ചേർന്നു മുട്ടി.
നോ റിപ്ലൈ.

സത്യത്തിൽ താൻ ആകത്തുണ്ടെന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒച്ച പുറത്തു വന്നില്ല! നിമിഷങ്ങൾ കടന്നു പോയി.

“സൂയിസൈഡ് അറ്റംപ്റ്റ് ആണെന്നു തോന്നുന്നു.... മാം പ്ലീസ് കം!” ആരോ പറയുന്നു.

വാട്ട് ഷുഡ് വി ഡു ഫസ്റ്റ്? ഇൻഫോം ദ പൊലീസ് ഓർ ബ്രെയ്ക്ക് ഓപ്പൺ ദ ഡോർ?

അംബാലികയ്ക്ക് കലിയിളകി.

ആ പറഞ്ഞവളുടെ തല തല്ലിപ്പോളിക്കാനായി കൈകൾ ഉയർത്തി മേലേക്കാഞ്ഞു.
മസിൽ വേദന കാരണം അതേവേഗത്തിൽ താഴോട്ടും പോന്നു.

അപ്പോഴാണ് ഷെഹ്‌നാസ് വഴി വാർത്ത ലീക്കായി ഡെന്നിസ് അറിഞ്ഞത്.
ഞൊടിയിടയിൽ ആൾ കുതിച്ചെത്തി. ഫസ്റ്റ് ഫ്ലോറിൽ അമ്പൂന്റെ റൂമിനു മുന്നിൽ.

ഇതികർത്തവ്യഥാമൂഢരായി നിന്ന പെൺ കൂട്ടത്തെ തള്ളിമാറ്റി ഡെന്നി വാതിലിനു നേരേ കാലുയർത്തി. ഫുട്ട്ബോൾ ടീമിലെ ഡിഫൻഡറുടെ പേശീബലത്തിൽ കുറ്റിതെറിച്ച് വാതിൽ  തുറന്നു.
നിലത്ത് നിരാലംബയായി പത്മാസനത്തിൽ കിടക്കുന്ന അമ്പുവിനെക്കണ്ട് പെൺകുട്ടികൾ അമ്പരന്നു. അടുത്ത നിമിഷം അത് കൂട്ടച്ചിരിയായി.

അവളുടെ നിസ്സഹായാവസ്ഥ ഡെന്നിക്കു സഹിക്കാനായില്ല. അവൻ നിശ്ശബ്ദം അവളെ കൈകളിൽ കൊരിയെടുത്ത് കട്ടിലിൽ കിടത്തി.... എന്നിട്ട് ഒന്നും മിണ്ടാതെ പുറത്തുപോയി.

പെൺപട മുഴുവനും കൂടി മിനിറ്റുകൾക്കുള്ളിൽ അമ്പുവിന്റെ കാലുകൾ സ്വതന്ത്രമാക്കി.
വാർത്ത ബീബീസീയിലും, സീയെന്നെന്നിലും വന്നു.

 ടീവിയിൽ ഇന്റർവ്യൂ എപ്പഴോ കഴിഞ്ഞതറിയാതെ ഡെന്നി ഇരുന്നു. ഫ്ലാഷ് ബാക്കുകൾ സ്ലോ മോഷനിൽ ചലിച്ചുകൊണ്ടിരിക്കുകയാണിപ്പൊഴും.

അവളെ കൈകളിൽ കൊരിയെടുത്ത് കട്ടിലിൽ കിടത്തിയത്.....
പത്മാസനത്തിന്റെ സെറ്റ് ബാക്ക്  അതിജീവിക്കാൻ സഹായിച്ചത്....

ഇണക്കം
പിണക്കം
വീണ്ടും ഇണക്കം
ഒടുവിൽ പിണക്കം
പിരിയൽ....
അവൾക്ക് അവളാകാനേ കഴിയുമായിരുന്നുള്ളൂ. ഫൈനൽ ഇയർ ആയപ്പോഴേക്കും അവൾ വീണ്ടും സർവതന്ത്ര സ്വതന്ത്രയായി!

സുഹൃത്തിനപ്പുറം, തന്റെ ഭാര്യയാകാൻ ഒരിക്കലുമാവുമായിരുന്നില്ല; അവളുടെ ഭർത്താവാകാൻ ഡെന്നി തയ്യാറായിരുന്നെങ്കിലും.

എന്നാലും അവളെങ്ങനെ ഇത്രയ്ക്കു മാറിപ്പോയ്? ആ..... ആർക്കറിയാം!

പ്രിൻസസ് അൺപ്രെഡിക്റ്റബിൾ ആയിത്തന്നെ തുടരുന്നു..... അതോ ക്യൂൻ ആയോ എന്തോ!
ഒരു പിടിയുമില്ല.

“അമ്പു........” ചിന്തയിലിരുന്ന് ഡെന്നിസ് മന്ത്രിച്ചു.

“ഏതാ അമ്പു? ആരാ അയാൾ?” അടുത്തു വന്ന് സാറ ചോദിച്ചു.

“അമ്പുവോ? അതേയ്... അമ്പുവല്ല.... അമ്പ്...പിന്നെ വില്ല്‌..... വാരിക്കുന്തം!!
ഞാൻ പഴേ കാലമൊക്കെ ഒന്നോർത്തതല്ലേ!?”

“വയലാറിലെ വാരിക്കുന്തം
വയനാട്ടിലെ അമ്പും വില്ലും
തേഞ്ഞില്ലാ മുന പോയില്ലാ
അമ്പും വില്ലും കൈകളിലെന്തും
വാരിക്കുന്തം കൈകളിലേന്തും
ഈങ്കുലാബ് സിന്ദാബാദ് !”

ഡെന്നിസ് പഴയ സഖാവ് ഡെന്നിയായി.
സാറ മിഴിച്ചു നിന്നു.

അയാൾ അവളെ ഇരുകൈകളിലുമുയർത്തി.
എന്നിട്ട് കാതിൽ മന്ത്രിച്ചു.

“അടുത്താഴ്ച മസാജ്, ഹെർബൽ ബാത്ത്, രണ്ടാഴ്ച സുഖവാസം!”